എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു.
അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി.
അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു.
അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ആ ബൾബ് തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്ന് പറയട്ടെ അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി.
എല്ലാവരും സ്തബ്ദരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു " ഇനി ഇത് പുനർനിർമ്മിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ നാളെ വൈകിട്ടാകാം പ്രദർശനം ". എന്നിട്ടദ്ദേഹം പരീക്ഷണശാലയിലേക്ക് കയറിപ്പോയി.
പിറ്റേ ദിവസം എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി.
അദ്ദേഹം ചുറ്റും നോക്കി, തന്റെ അസിസ്റ്റൻറ് അതാ ദൂരെ മാറി നിൽക്കുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു ; എല്ലാവരും ആകാംക്ഷയോടെ നിൽകെ ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പ്രദർശിപ്പിച്ചു ..
അതിന് ശേഷം ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു
" ഇന്നും അയാളുടെ കയ്യിലേക്കിത് നൽകുവാൻ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു " . അതിന് മറുപടിയായി എഡിസൺ പറഞ്ഞു
" ഇനി ഒരിക്കൽ കൂടി ഇത് തകർന്നാലും 24 മണിക്കൂർ കൊണ്ടെനിക്കിത് പുനർനിർമ്മിക്കാം, എന്നാൽ അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ 24 വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല."
മറ്റൊരാളുടെ സ്വപ്നങ്ങളും , ആഗ്രഹങ്ങളും , ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി , പക്ഷേ, അവ സൃഷ്ടിക്കാൻ ഒരുപക്ഷെ ഒരു ആയുസ്സ് വേണ്ടി വന്നേക്കാം .
ഇന്നത്തെ ചുറ്റുപാടിൽ 10 രൂപ വിലയുള്ള ഒരു ബൾബ് കൈയ്യിൽ നിന്ന് താഴെ പോയാൽ പോലും വലിയ ദേഷ്യത്തിനും ഉഗ്രകോപത്തിനും ആക്രോശത്തിനും വഴിക്കിനും മാത്രമല്ല ഒരു കൊലപാതകമോ കൂട്ടക്കൊലയോ വരെ സംഭവിക്കുമോ എന്ന് പോലും പറയാൻ പറ്റില്ലാത്ത ഒരവസ്ഥയാണ്. ആ ബൾബ് നമ്മൾ കണ്ടുപിടിച്ചതല്ല, അതുണ്ടാക്കാൻ നമുക്ക് സാഹചര്യവുമില്ല. നിസാര വില കൊടുത്താൽ നമുക്ക് മറ്റൊരെണ്ണം വാങ്ങാൻ പക്ഷെ സാഹചര്യമുണ്ടെങ്കിലും കൈയ്യിൽ നിന്ന് താഴെ വീണ ഒരു നിസ്സാര വസ്തുവിനെ ചൊല്ലി പോലും വലിയ പ്രശ്നങ്ങൾ ഇന്നുണ്ടാകും. അവിടെയാണ് തോമസ് ആൽവാ എഡിസണും അദ്ദേഹം കണ്ടു പിടിച്ച ബൾബും അത് കൈകാര്യം ചെയ്ത ജോലിക്കാരനും അവരുടെ കാഴ്ചപ്പാടുകളും സമീപനങ്ങളും പഠനവിഷയമാകേണ്ടത്.
The confidence of an ordinary person, and that of a scientist...























